Saturday, 4 February 2012

Radio Tour -Part 2

ഭാഗം ഒന്നിനായി ഇവിടെ അമര്‍ത്തുക


അതെ ..ഞങ്ങള്‍ ഇപ്പോള്‍ യാത്രയിലാണ് .... അഞ്ചുരുളിയിലെക്കുള്ള യാത്രയില്‍.... യാത്രയില്‍ ഞങ്ങള്‍ എത്തിയത് മറ്റൊരു വലിയ പട്ടണത്തില്‍...കട്ടപ്പന...അവിടെയായിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം. വയറു നിറയെ വിശാലമായ ഭക്ഷണം..ഊണും മീന്‍ കറിയുമായിരുന്നു മിക്കവരും സെലക്ട്‌ ചെയ്തത്...ഊണ് കഴിഞ്ഞു ഞങ്ങള്‍ വീണ്ടും വാഹനത്തില്‍ കയറി...ഇവിടെ നിന്നും പത്തു കിലോ മീറ്റര്‍ ദൂരമുണ്ട് അഞ്ചുരുളിയിലേക്ക് ....കാഞ്ചിയാറില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ മാത്രം.. ജലാശയവും കാനനവും ടണലും എല്ലാം ഒത്തു ചേര്‍ന്ന ഒരുഗ്രന്‍ ടൂറിസ്റ്റ് സ്പോട്ട്.  അഞ്ചുരുളി.. അഞ്ചുരുളി എത്തുന്നതിനു മുന്‍പ് ഞാന്‍ ഒന്ന് മയങ്ങി...ആരോ എന്നെ കുലുക്കി വിളിച്ചു.".സ്ഥലമെത്തി..ഇറങ്ങെടാ..." കണ്ണ് തിരുമ്മി ഞാനും ചാടി എഴുന്നേറ്റു..അപ്പോഴേക്കും പലരും ഇറങ്ങി ജലാശയത്തിന്റെ ഭാഗത്തേക്ക്‌ പോയി കഴിഞ്ഞിരുന്നു...

" അപകടം നിറഞ്ഞ സ്ഥലം ആയതിനാല്‍ ജലാശയത്തില്‍ ഇറങ്ങാന്‍ പാടില്ല "
എന്ന ഒരു ബോര്‍ഡ് അവിടെ കണ്ടു..ഞാന്‍ ആ ബോര്‍ഡിന്റെ  വലതു വശത്ത് കൂടി താഴേക്കു ഇറങ്ങി..ആഹ ..നയന മനോഹരമായ ദൃശ്യം..പരന്നു കിടക്കുന്ന ജലാശയം
..ഇടുക്കി ഡാമിന്റെ പിന്‍ ഭാഗം ആണിത്..ഒരു നിമിഷം ഞാന്‍ ചുറ്റും നോക്കി..അകെ രണ്ടോ മൂന്നോ പേര്‍.എന്റെ കൂടെ വന്നവര്‍ എവിടെ? ഞാന്‍ അല്പം പരിഭ്രമിച്ചു ...ഇടതു വശത്ത് കാട്ടിലേക്കുള്ള വഴി...വലതു വശത്ത് വഴി ഒന്നും കാണാനുമില്ല .. ഇനി ഇവര്‍ കാട്ടില്‍ കയറിയോ..ഏയ്‌ ...അതിനുള്ള സാധ്യത കാണുന്നിലാ...പിന്നെ അവര്‍ എവിടെ ...ഏതായാലും വഴി കാണാത്ത വലതു വശത്തേക്ക് ഞാന്‍ നടന്നു...ഒരു ചെറിയ വളവു...വൊവ്...എന്ത് മനോഹരമായ കാഴ്ച...ഒരു ചെറിയ വെള്ളച്ചാട്ടം...ആ വെള്ളച്ചാട്ടത്തിനു മുകളില്‍ എന്റെ കൂടെ വന്നവര്‍..
. ഞാനും ആവേശത്തോടെ അതിന്റെ മുകളില്‍ എത്തി...അപ്പൊ അതിലും സുന്ദരമായ കാഴ്ച...ഒരു ടണല്‍...എന്ന് വെച്ചാല്‍  തുരങ്കം..ആ തുരങ്കത്തില്‍ കൂടി വരുന്ന വെള്ളമാണ് ഈ ജലശയത്തിലേക്ക് പതിക്കുന്നത്.....
. ഒരു മല തുരന്ന് ഇരട്ടയാറിലെ വെള്ളം ഇടുക്കി ജലാശയത്തില്‍ എത്തിക്കുന്നു...കല്ലാറിലെ  വെള്ളവും ഇതേ പോലെ ഒരു തുരങ്കത്തില്‍ കൂടിയാണ് ഡാമില്‍ എത്തിക്കുന്നത്..ഞാന്‍ നോക്കുമ്പോള്‍ ജോസഫ്‌ അച്ചനും ഷിബു സാറിന്റെ ഭാര്യയും പ്രിജിനും സിജോയും ആ തുരങ്കത്തിന്റെ  പ്രവേശന കവാടത്തിലേക്ക്  നടന്നു പോയിരിക്കുന്നു...പാന്റ് മുട്ടോളം തെറുത്തു ഞാന്‍ ആ വെള്ളത്തില്‍ ഇറങ്ങി...ഒഹ്ഹ.....ഐസില്‍ തൊട്ട പോലെ നല്ല തണുത്ത വെള്ളം...കിലോ മീറ്റര്‍കളോളം മലയുടെ അകത്തുള്ള തുരങ്കത്തിലൂടെ ഒഴുകി വരുന്നതല്ലേ...ആ വെള്ളത്തില്‍ ഞാന്‍ മതി വരുവോളം മുഖം കഴുകി...എന്തൊരു ഉന്മേഷം...ഒരു പുതു ജീവന്‍ കിട്ടിയ പോലെ...
ഉരുളി എന്നാല്‍ നമുക്കറിയാം...വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന വലിയ ചരുവം..ഈ സ്ഥലത്തിന്റെ പേര് അഞ്ചുരുളി... അതായതു അഞ്ചു വലിയ മലകള്‍ ഉരുളിയുടെ ആകൃതിയില്‍ ഈ സ്ഥലത്ത് ഉണ്ട് എന്നാണ് വിശ്വാസം...നമുക്ക് പൂര്‍ണമായും അവ കാണാന്‍ സാധിക്കില്ല..കാരണം ജലാശയം ആ ആകൃതിയെ മറച്ചിരിക്കുന്നു...
ഏതായാലും ഞാന്‍ ആ തുരങ്കതിനുള്ളില്‍ കൂടി ദൂരേക്ക്‌ നോക്കി...അങ്ങ് അകലെ ഒരു നാണയ വട്ടത്തില്‍...വെളിച്ചം...അതെ അതാണ്‌ അപ്പുറത്തെ പ്രവേശന കവാടം...മനുഷ്യന്റെ  കഴിവിനെ സമ്മതിക്കാതിരിക്കാന്‍ പറ്റില്ല അല്ലെ...





ധാരാളം ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ വീണ്ടും വാഹനം കിടക്കുന്നിടതെക്ക് നടന്നു...മുകളിലേക്ക് ഞങ്ങള്‍ മറ്റൊരു വഴിയാണ് കയറിയത്...അവിടെ ഒരു ഷെഡില്‍ ഒരു ബോട്ട് തല കീഴായി വെച്ചിരിക്കുന്നത് കണ്ടു...ഒപ്പം ആ പ്രദേശത്ത്  മുഴുവനും  വെള്ളം കൊണ്ട് വന്ന പ്ലാസ്റിക് കുപ്പികളും പ്ലാസ്റ്റിക്‌ കവറുകളും ചിതറി കിടപ്പുണ്ടായിരുന്നു...


ആ ദുഃഖ കാഴ്ചയും കണ്ടു ഞങ്ങള്‍ വാഹനത്തില്‍ കയറി...ഇനിയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം..അതെ രാമക്കല്‍ മെട് .

കാറ്റിന്റെ കളിത്തൊട്ടിലില്‍ സാഹസികതയുടെ യുവത്വമൊളിപ്പിച്ചാണ് രാമക്കല്‍മേട് മലനിരകള്‍ സ്ഥിതിചെയ്യുന്നത്. ഇടുക്കി ജില്ലയിലെ ഏക കാറ്റാടി വൈദ്യുതപദ്ധതി പ്രദേശം. പകല്‍ മുഴുവന്‍ മെല്ലെ തഴുകി കടന്നുപോകുന്ന ഇളംകാറ്റിന്റെ ലാസ്യഭാവവും വൈകുന്നേരങ്ങളില്‍ മലനിരകളെ ഊഞ്ഞാലാട്ടുമെന്നു തോന്നുംവിധം വീശുമ്പോഴുള്ള രൗദ്രഭാവവും ഇവിടത്തെ കാറ്റിനു മാത്രം സ്വന്തം. മനസ്സുനിറയ്ക്കുമാറ് വീശിയൊഴുകുന്ന കാറ്റിനൊപ്പം മലമുകളില്‍നിന്ന് ആസ്വദിക്കാവുന്ന തമിഴ്നാടിന്റെ കാര്‍ഷികസമൃദ്ധിയുടെ ദൃശ്യഭംഗി മറക്കാനാവാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി മൂന്നാര്‍ റൂട്ടിൽ നെടുംകന്ദത്തിനു 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിന്റ് എനെര്‍ജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുരുവിക്കാനത്തും  പുഷ്പകണ്ടത്തും ഉള്ള കാറ്റാടി പടങ്ങള്‍ കാണാനും സഞ്ചാരികളുടെ വന്‍ തിരക്കാണ് . കാറ്റാടി പാടങ്ങളുടെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ ഇവിടെ അവസരം ഉണ്ട്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കും കാറ്റാടിപടങ്ങള്‍ വിസ്മയ കാഴ്ചയാണ് ..
ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്
എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. . കോതമംഗലം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം വഴിയും മൂവാറ്റുപുഴ, തൊടുപുഴ, കുളമാവ്, ഇടുക്കി വഴിയും രാമക്കല്‍മേട്ടിലെത്താം. തേക്കടിയില്‍നിന്ന് വരുന്നവര്‍ക്ക് കുമളി, പുറ്റടി വഴി 40 കിലോമീറ്റര്‍ പിന്നിട്ടും ഇവിടെ എത്താം.
ഏതായാലും ഞങ്ങളുടെ വാഹനം താഴ്വാരതെതി..കുറെ കടകള്‍ അവിടെ ഉണ്ട്...അവിടെ നിന്നും വെള്ളവും സ്നാക്ക്സും ഞങ്ങള്‍ വാങ്ങി..ഇടതു വശത്തും മുന്‍പിലും ഓരോ കൂറ്റന്‍ മലകള്‍...അതിലൊന്നിന്റെ മുകളില്‍ വലിയ കുറവന്‍ കുറത്തി പ്രതിമ...ഇടതു വശത്തെ മല കയറാന്‍ ആദ്യം തീരുമാനിച്ചു...അതാണ്‌ പ്രധാനം...മുളങ്കാടുകള്‍ക്ക് ഇടയിലൂടെ ഞങ്ങള്‍ നടന്നു...വര്‍ണിക്കാന്‍ വാക്കുകള്‍ പോരാത്ത അവസ്ഥ ...ഇടയ്ക്കു ചെറിയ ഒരു അരുവി ഒഴുകുന്നു... ഞാന്‍ അത് ചാടി കടന്നു...പെട്ടെന്ന് മൊബൈലില്‍ ഒരു മെസ്സേജ് ..."തമിഴ്നാട് നെറ്റ് വര്‍കിലേക്ക് സ്വാഗതം..ഹാവ് എ പ്ലെസന്റ്റ് സ്റ്റേ"....അപ്പൊ ഈ അരുവിയാണ് അതിര്‍ത്തി അല്ലെ എന്ന് ഞാന്‍ തമാശക്ക് പറഞ്ഞു...എല്ലാവരും ഒരു പാറ പുറത്തെത്തി...വീണ്ടും മുകളിലേക്ക്...തമിഴ്നാടിന്റെയും കേരളത്തിന്റെയും കവറേജ് മാറി മാറി വരുന്നുണ്ടായിരുന്നു...



അങ്ങനെ ഞങ്ങള്‍ ആ മലയുടെ പകുതി ദൂരം എത്തി..... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തമിഴ്നാട്...അവിടുത്തെ കൃഷിയിടങ്ങള്‍ റൂമില്‍ ടയില്‍ ഒട്ടിച്ച പോലെ കാണപ്പെടുന്നു ...ഏകദേശം 350 കിലോ മീറ്റര്‍ ദൂരത്തുള്ള തമിള്‍ നാടിന്‍റെ വിന്റ് ഫാം  നന്നായി കാണാം...കാരണം അല്പം പോലും മഞ്ഞില്ല...പകരം നല്ല വെയില്‍..ഒരു 500  കാറ്റാടികള്‍ എങ്കിലും അവിടെ കാണണം...പകുതി കയറിയതെ ഉള്ളൂ...ഇനിയും കയറിയാല്‍ കുറെ കൂടി നല്ല കാഴ്ച ലഭിക്കും എന്ന് കരുതി ഞങ്ങള്‍ കയറാന്‍ തീരുമാനിച്ചു...കൂടത്തില്‍ പകുതി പേര്‍ അവിടെ വിശ്രമിക്കാനും തീരുമാനിച്ചു...കാരണം ഇനി കുത്തനെ ഉള്ള കയറ്റം ആണ് കയറണ്ടത്...

ഞാന്‍ ഇതിനു മുന്‍പ് അഞ്ചു പ്രാവശ്യം വന്നതാ എന്ന പല്ലവിയോടെ ജോസഫ്‌ അച്ചന്‍ കയറാന്‍ ആരംഭിച്ചു...പിറകെ ജിന്സന്‍,പ്രവീണ്‍,മീനാക്ഷി,സിജോ..ജോര്‍ജ് സാറിന്റെ മകന്‍..അവര്‍ കയറുന്ന വഴിയെകാളും എളുപ്പത്തില്‍ കയറാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ഞാന്‍ ഒന്ന് പരിശോധിച്ചു...യെസ്...ദാ ...ഇവിടെ ഉണ്ട്...അവര്‍ പുല്ലിനിടയിലൂടെ ആണ് കയറുന്നത്...പക്ഷെ ഇത് പാറക്കു മുകളിലൂടെ കയറണം...കയ്യും കാലും അള്ളിപ്പിടിച്ചു ഒരു അഭ്യാസിയെ പോലെ ഞാന്‍ ആ പാറക്കു  മുകളിലൂടെ മലക്ക് മുകളിലേക്ക് കയറാന്‍ തുടങ്ങി...അത് കണ്ടു കൂടെ ഉള്ളവര്‍ വേണ്ട വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു...പണ്ട് എന്‍ സി സി യില്‍ ഉള്ളപ്പോഴേ സാഹസികത എനിക്കിഷ്ട്ടമായിരുന്നു..ഇതേ പോലെ അഗസ്ത്യ കൂടം ഉള്‍പ്പെടെ കുറെ ട്രെക്കിംഗ് ക്യാമ്പുകളില്‍  പങ്കെടുത്തിട്ടുമുണ്ട്‌...ആ പരിചയം  എനിക്ക് തുണ ആയി എന്ന് വേണം പറയാന്‍...എങ്കിലും പിന്നിലേക്ക്‌ നോക്കാന്‍ ഞാന്‍ ഭയന്നു...തൊട്ടു മുന്‍പിലുള്ള കാഴ്ച മാത്രം നോക്കിയാണ് ഞാന്‍ കയറിയത്...കാരണം പിന്നില്‍ താഴോട്ട് വലിയ കൊക്ക ആണെന്ന് എനിക്കറിയാമായിരുന്നു...അവര്‍ക്ക് മുന്‍പേ മലക്ക്  മുകളില്‍ എത്തിയ ഞാന്‍ തിരിഞ്ഞു നോക്കി..
.എന്റമ്മേ  ..എങ്ങാനും എന്റെ പിടി വിട്ടു പോയിരുന്നെങ്കില്‍ പിന്നെ അനിക്സ്പ്രയുടെ പരസ്യം ആയേനെ ഞാന്‍..."പോടീ പോലും ഇല്ല കണ്ടു പിടിക്കാന്‍.".

ഇനിയും അല്പം കൂടി കയറാന്‍ ഉണ്ട്...പാറകള്‍ക്കും വള്ളി ചെടികള്‍ക്കും ഇടയിലൂടെ ഞാന്‍ മുകളിലേക്ക് നടന്നു... മുകളിലായി രണ്ടു പേര്‍ നില്‍ക്കുന്നു...അവര്‍ ഇവിടത്തുകാര്‍  ആണെന്ന് തോന്നുന്നു... ഒരു വള്ളിയില്‍ പിടിച്ചു മുന്‍പോട്ടു ചാടിയ എന്നോട് അവര്‍, ഇടത്തേക്ക് ചേര്‍ന്ന് നടക്കു എന്ന്  പറഞ്ഞു..കാരണം എന്താ എന്ന ചോദ്യഭാവത്തില്‍ ഉള്ള എന്റെ നോട്ടത്തിനു മറുപടിയായി ഒരാള്‍ വലതു വശത്തേക്ക് ചൂണ്ടി കാണിച്ചു...ഓ മൈ ഗോഡ്...ഞാന്‍ ഞെട്ടി പോയി...ആ പാറയുടെ  വിള്ളലില്‍ കൂടി താഴ്വശം കാണാം...അതെ തമിഴ്നാട്...അതിനിടയിലൂടെ താഴെക്കങ്ങാനും വീണാല്‍ ഏകദേശം 3500 അടി താഴെ തമിഴ്നാട്ടിലെ ഏതെങ്കിലും കൃഷി ഭൂമിക്കു വളം ആയേനെ...ഞാന്‍ പുറകെ വന്ന മീനാക്ഷിയും പ്രവീണിനെയും ആ കാഴ്ച കാണിച്ചു...മീനാക്ഷി ഞെട്ടി പുറകിലേക്ക് മാറി...എല്ലാവരും വലതു വശം ചേര്‍ന്ന് വീണ്ടും മുകളിലേക്ക് കയറി...

അതെ ഞങ്ങള്‍ ഇപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും 3500 അടി മുകളില്‍ ആണ്...ഞങ്ങള്‍ക്ക് മുന്‍പില്‍ കാണുന്നത് തമിഴ്നാട്...കമ്പം, തേനി ,ഉത്തമപാളയം ,മധുര,ബോഡി നായ്ക്കന്നൂര്‍, വൈഗ തുടങ്ങിയ സ്ഥലങ്ങളും പിന്നെ അവിടുത്തെ കൃഷി സ്ഥലങ്ങളും .... ആ കാഴ്ച നിങ്ങളിലെത്തിക്കാന്‍  എന്റെ വാക്കുകള്‍ക്കു പരിമിതി ഉണ്ട്...







ദൂരെ പചിമഘട്ടത്തിന്റെ  കിഴക്ക് ഭാഗം ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി... തമിഴ് നാട്ടിലെ പ്രധാനപ്പെട്ട ഏഴോളം  പട്ടണങ്ങളുടെ മുകളില്‍ കൂടി പക്ഷിയായ് പോലെ പറക്കുന്ന പോലെ ഒരു തോന്നല്‍ ...തമിഴ്നാടിന്‍റെ വരള്‍ച്ചയും ബ്രൌണ്‍ നിറമായി കിടക്കുന്ന നിലങ്ങളും നേരെ ഉള്ള റോഡുകളും കുറെ വീടുകളും എല്ലാം വെത്യസ്തമായ  ഒരു കാഴ്ച തന്നെ ആയിരുന്നു...ഇതിനിടക്ക്‌ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി...ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ...അതെ തീര്‍ച്ചയായും ദൈവത്തിന്റെ സ്വന്തം നാട് തന്നെ...എങ്ങും പച്ചപ്പ്‌ മാത്രം... വരള്‍ച്ച തമിഴ്നാട്ടില്‍ മാത്രം...നമ്മള്‍ എന്ത് ഭാഗ്യം ചെയ്തവര്‍ എന്ന് ഓര്‍ത്തു പോയി...ഈ മനോഹര കേരളത്തില്‍ ജന്മം തന്നതിന് നന്ദി പറഞ്ഞു പോയ്‌

ജോസഫ്‌ അച്ഛന്റെ വാക്കുകള്‍ ചിന്തയില്‍ നിന്നും ഉണര്‍ത്തി...' ഇവിടെ പുനര്‍ജനി പോലെ ...ഗുഹ പോലെ..... ഒരു പാറ ഉണ്ട്...അതിനിടയില്‍ കൂടി കയറിയാല്‍ പുണ്യം കിട്ടുമെന്നാണ്  ഹിന്ദുക്കളുടെ വിശ്വാസം.." ഓഹോ എന്നാല്‍ ആ പുണ്യം കളയണ്ട എന്ന ചിന്തയില്‍ ഞാന്‍ ആദ്യം തന്നെ അങ്ങോട്ട്‌ നടന്നു...
രണ്ടു ഭീമാകാരമായ പാറകള്‍ക്കിടയിലൂടെ മുന്‍പോട്ടു ചെല്ലുമ്പോള്‍ വഴി മുടക്കി ഒരു പാറ...അതിന്റെ മുകളിലൂടെ കയറണം.

..ഞാന്‍ ഒരു തരത്തില്‍ വലിഞ്ഞു കയറി...പുറകെ മീനാക്ഷി കയറാന്‍ ശ്രമിച്ചിട്ട് നടന്നില്ല... പിന്നെ ഞാന്‍ കൈ നീട്ടി കൊടുത്തു...
അങ്ങനെ ഓരോരുത്തരായി മുകളിലേക്ക്.ജോസഫ്‌ അച്ചനു കയറാന്‍ പറ്റിയില്ല..."എന്ത് പറ്റി അച്ചോ മുന്‍പ് അഞ്ചു പ്രാവശ്യം വന്നതല്ലേ "എന്ന ചോദ്യത്തിന് "അന്ന് എനിക്കിത്രേം വണ്ണം ഇല്ലാരുന്നെട" എന്ന് ചിരിച്ചു കൊണ്ട് അച്ചന്‍ മറുപടി പറഞ്ഞു...അവിടെ മുകളില്‍ കണ്ട ആ പറക്കുമുണ്ട് ഒരു ഐതീഹ്യം  .വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നാണത് ...കല്ലുംമേല്‍ കല്ല്‌ എന്നാണ് അതിനു പറയുന്നത്...അതിന്റെ മുകളില്‍ കയറിയാല്‍ നമ്മള്‍ ഈ ലോകത്തിനു മുകളില്‍ നില്‍ക്കുന്നത് പോലെ തോന്നും ...കാരണം പിന്നെ പുറകിലോ മുന്നിലോ വശങ്ങളിലോ നമുക്ക് മുകളില്‍ ഒന്നും കാണാന്‍ സാധിക്കില്ല...അതിന്റെ മുകളില്‍ കയറാന്‍ ഉള്ള ആവേശത്തില്‍ ആയിരുന്നു ഞാന്‍ ...ജിന്സനും ഞാനും പ്രവീണും മീനാക്ഷിയും അതിന്റെ ഇടയിലേക്ക് കയറുകയും ചെയ്തു..


.പക്ഷെ മണിക്കൂറില്‍ ശരാശരി 35  കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്  വീശുന്ന സ്ഥലമാണ്...ചിലപ്പോള്‍ അത് നൂറു കിലോമീറ്റര്‍ വരെ ആകാം...അത് എപ്പോള്‍ ആകും എന്ന് പ്രവചിക്കാന്‍ പറ്റില്ല...ചിലപ്പോള്‍ നമ്മള്‍ കേറുമ്പോള്‍ എങ്ങാനും വീശിയാല്‍..പിടിച്ചു നില്ക്കാന്‍ അവിടെ ഒന്നുമില്ല...പാറക്കു  വ്യാസവും കുറവാണ്...പക്ഷെ എന്തിനോ ഒരു ഇരുമ്പു പൈപ് അവിടെ നാട്ടിയിരിക്കുന്നത് കണ്ടു...പോട്ടെ അപകടം ഒന്നും വരുത്തി വെക്കണ്ട....ആ ചിന്തയോടെ ഞങ്ങള്‍ മനസിലെ നിരാശ ബാകി വെച്ച് താഴേക്ക്‌ മറു വശത്ത് കൂടി ഇറങ്ങാന്‍ തുടങി...താഴെ ഇരിക്കുന്നവര്‍ ഞങ്ങളെ നോക്കി കൈ ഉയര്‍ത്തി കാണിച്ചു...ഞങ്ങള്‍ ആവേശം കൊണ്ട് ഉറക്കെ കൂവി...ആ പാറയെ ഒന്ന് വലം വെച്ച് ഞങ്ങള്‍ കയറി വന്ന വഴിയില്‍ തന്നെ എത്തി...മനോ ധൈര്യവും പിന്നെ പാറകള്‍ക്കിടയില്‍ ഓടിക്കളിച്ച പരിചയവും  വെച്ച് ഞാന്‍, ആ മല ഓടിയും ചാടിയും ഇറങ്ങി...നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ താഴെ എത്തി. ബാകി ഉള്ളവര്‍ പതിയെ പിടിച്ചു പിടിച്ചു ഇറങ്ങി വരുന്നത് കാണാമായിരുന്നു..

എന്റെ ആ പ്രകടനം കണ്ടു ജോര്‍ജ് സര്‍ എനിക്ക് കൈ തന്നു..." സമ്മതിച്ചിരിക്കുന്നു സുമേഷേ "എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഒരു അവാര്‍ഡ്‌ കിട്ടിയ സന്തോഷം തോന്നി..."ഇതിനിടയില്‍ ജോസഫ്‌ അച്ചന്‍ പാടുപെട്ടു ഇറങ്ങുന്നതിനിടയില്‍ സിജോ, "അച്ചോ എന്നെ കൂടി" എന്ന് പറഞ്ഞപ്പോള്‍ " ഒന്ന് പോടാ ഊവ്വേ... ഞാന്‍ തന്നെ എങ്ങനാ ഇറങ്ങുന്നത് എന്ന് എനിക്കറിയാം" എന്ന മറുപടി  ചിരി ഉണര്‍ത്തി... ഞാന്‍ താഴെ എത്തി ഏകദേശം 10  മിനിറ്റ് കഴിഞ്ഞാണ് ബാകി ഉള്ളവര്‍ താഴെ എത്തിയത്..ആ സമയം കൊണ്ട് ഞാന്‍ നന്നായി വിശ്രമിച്ചു...അവര്‍ താഴെ എത്തിയപ്പോള്‍ എവിടെ നിന്ന് എന്നറിയില്ല ഒരു കൂട്ടം കുരങ്ങന്മാര്‍ ഓടിയെത്തി...ഞങ്ങളുടെ കയ്യിലുള്ള ഭക്ഷണ സാധനങ്ങള്‍ കണ്ടിട്ടാകണം.. അവ കുറേശെ കൊടുക്കാന്‍ തുടങ്ങിയത് അബദ്ധമായി പോയി...കാരണം അവ മുഴുവന്‍ തീരുന്നത് വരെ അവറ്റകള്‍ ഞങ്ങളുടെ പുറകെ കൂടി..

പിന്നെ പതിയെ ഞങ്ങള്‍  ആ മല ഇറങ്ങി തുടങ്ങി....പോയ വഴികളിലൂടെ തന്നെ തിരിച്ചു ഞങ്ങള്‍ താഴെ എത്തി...ഇനി കയറാനുള്ളത്‌ മുന്‍പിലുള്ള മലയാണ്...കുറവന്‍ കുറത്തി പ്രതിമകള്‍ സ്ഥിതി ചെയ്യുന്ന മല... 
വണ്ടിയില്‍ വേണമെങ്കില്‍ കയറാം...ജീപ്പുകള്‍ ഒക്കെ പോകുന്നുണ്ട്...പക്ഷെ ട്രാവേലെര്‍ പോകില്ല എന്ന് ഡ്രൈവര്‍ പറഞ്ഞു...അല്ലെങ്കിലം നടന്നു കയറാന്‍ ആയിരുന്നു ഞങ്ങളുടെ തീരുമാനം.. അല്പം വിശ്രമിച്ചു ഞങ്ങള്‍ ആ മല കയറി തുടങ്ങി..

.കുറച്ചു നേരത്തെ നടത്തം ഞങ്ങളെ ആ മലയുടെ നെറുകയില്‍ എത്തിച്ചു... ഭീമാകാരമായ കുറവന്‍ കുറത്തി പ്രതിമ..ഇരിക്കുന്ന രീതിയില്‍ ആണ് ആ പ്രതിമ..സിമെന്റും കല്ലും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു...കുറവന്റെ കയ്യില്‍ പോര് കോഴി...കൂടെ ഇവരുടെ മകനെയും കാണാം...2005  ലാണ് ഈ ശില്പത്തിന്റെ നിര്‍മാണം പൂരത്തി ആയതു...ജിനന്‍ ആണ് ഈ സുന്ദര ശില്പം  നമുക്കായി സമ്മാനിച്ചത്‌...ഇതിന്റെ പിന്നിലായി ശില്പിയുടെ പേരും സ്ഥലവും വര്‍ഷവും രേഖപ്പെടുത്തിയ ഫലകം ഉണ്ട്..." മുകളില്‍ കയറുന്നത് ശിക്ഷാര്‍ഹം" എന്ന ഫലകം വശത്തും പതിച്ചിരിക്കുന്നു...
ഞങ്ങളുടെ ക്യാമറയുടെ ബാറ്റെരി അവിടെ എത്തിയപ്പോള്‍ തീര്‍ന്നു...ഈ പടം എടുത്തില്ലെങ്കില്‍ നഷ്ട്ടമാണ്...പ്രവീണ്‍ അവിടെ ഉള്ള കടയിലെ കടക്കാരനെ സോപ്പ് ഇട്ടു അദ്ധേഹത്തിന്റെ ടോര്‍ച്ചിലെ ബാറ്റെരി വാങ്ങി..." മോനെ തിരിച്ചു തരണേ...ടോര്‍ച്ചിന്റെ ബാറ്റെരിയ ":എന്ന് ആ കടക്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...ഏതായാലും ആ ബാറ്റെരി ഉപഗോഗിച്ചു ഞങ്ങള്‍ ഇഷ്ടം പോലെ ഫോട്ടോ എടുത്തു...




പിന്നെ അതിന്റെ മുകളിലുള്ള വള്ളിക്കുടിലും കണ്ടു ഞങ്ങള്‍ ബാറ്റെരി വാങ്ങിയ കടയില്‍ തിരിച്ചെത്തി..

.ഉപ്പിലിട്ട നെല്ലിക്ക വാങ്ങി എല്ലാവരും കഴിച്ചു...പിന്നെ പതിയെ മല ഇറങ്ങി...വാഹനത്തില്‍ എത്തിയപ്പോള്‍ എല്ലാവരും ക്ഷീണിച്ചിരുന്നു...താഴ്വാരത്തുള്ള കടയില്‍ നിന്നും ചായയും കൂള്‍ ഡ്രിങ്ക്സും ആവശ്യമുള്ളവര്‍ വാങ്ങി കഴിച്ചു എല്ലാവരും വണ്ടിയില്‍ കയറി.... മടക്കയാത്രക്കായി....ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസത്തിന്റെ അന്ത്യം ആകാറായി...സത്യത്തില്‍ തിരിച്ചു പോകാന്‍ തോന്നുന്നേ ഇല്ല...എന്ത് രസമായിരുന്നു കഴിഞ്ഞു പോയ കുറെ മണിക്കൂറുകള്‍....ഈ ടീമിനൊപ്പം ഇതേ പോലെ ഒരു യാത്ര എന്നെങ്കിലും ഇനി ഉണ്ടാകുമോ...അറിയില്ല...എന്നാലും ഞാന്‍ ഒന്ന് പണ്ടേ തീരുമാനിച്ചിട്ടുണ്ട്...എല്ലാ മാസവും ഒരു യാത്ര ...എങ്ങോട്ടെങ്കിലും...അതെന്റെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുന്നു...ആ യാത്രകള്‍ ആണ് എന്നെ റീ -ചാര്‍ജ് ചെയ്യുന്നത്... എന്തായാലും നമ്മുടെ ഈ കേരളത്തില്‍ തന്നെ അധികം കാശ് മുടക്കില്ലാതെ കാണാവുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ ഒരിക്കലും മിസ്സ്‌ ചെയ്യരുത്...അപ്പൊ പോവല്ലേ..സുമേഷ് നേരുന്നു .....ശുഭ യാത്ര ....

തയ്യാറാക്കിയത് ...
സുമേഷ് ചുങ്കപ്പാറ

www.nazhika.blogspot.com

1 comment: